ഊണ് കഴിഞ്ഞു പതിവ് പോലെ ഉച്ചയുറക്കത്തിലായിരുന്നു ഞാൻ. അപ്പോഴാണ് കാറിലിന്റെ ചില്ലിൽ മുട്ടൽ കേട്ടത്. പാതിയുറക്കത്തിൽ സവാരിക്കില്ല എന്ന് പറഞ്ഞു വീണ്ടും ഉറങ്ങാൻ തുടങ്ങിയതാണ്. പക്ഷെ തിരിഞ്ഞു നടക്കുന്ന കസ്റ്റമേറെ റെയർ വ്യൂ മിററിൽ കണ്ടു ഞാൻ ഒന്ന് സത്യത്തിൽ ഞാനൊന്ന് ഞെട്ടി. ഈ മൂന്നു മൂന്നര വര്ഷത്തിനിടയിൽ പല തരം ആളുകളുമായി യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഇത് പോലൊരാൾ ആദ്യം. വിശ്വാസം വരാതെ കണ്ണുകൾ തിരുമ്മി നോക്കി, എന്നിട്ടു തല പുറത്തേയ്ക്കു നീട്ടി "കയറു" എന്ന് വിളിച്ചു പറഞ്ഞു.
കസ്റ്റമർ മെല്ലെ തിരിച്ചു നടന്നു കാറിനടുത്തെത്തി. ചാടിയിറങ്ങി ഞാൻ ഡോർ തുറന്നു കൊടുത്തു. കഷ്ടിച്ചാണ് പുള്ളി അകത്തു കടന്നത്, ഇരുപ്പും ഇത്തിരി കഷ്ട്ടം തന്നെ. ഞാൻ പരമാവധി സീറ്റ് മുന്നിലെക്യു് വലിച്ചിട്ടു കണ്ണാടി ശരിയാക്കി പതിവില്ലാത്ത ആ കസ്റ്റമേറെ ഒളികണ്ണിട്ടു നോക്കി . യാത്രാക്ഷീണം വിടാഞ്ഞിട്ടോ എന്തോ മുഖം വല്ലാതെ ക്ഷീണിച്ചിരുന്നു. ആ കണ്ണുകളിൽ വല്ലാത്തൊരു വിങ്ങൽ, കണ്ണീൽ ചാലുകൾ പോലെ മുഖത്തു വരകൾ. മുഖത്തെ ദൈന്യത ഊർന്നിറങ്ങി കാറിൽ ഒരു ശോകാന്തരീക്ഷം തീർത്ത പോലെ തോന്നി. ഈ വേനലിലും മഴ പെയ്യിക്കയാം മാത്രമുള്ള കറുത്ത മേഘങ്ങളുടെ ഒരു കൂട്ടം ആ തലയ്ക്കു മുകളിൽ പെയ്യാൻ വെമ്പി നിന്ന പോലെ.
"പോകാം", ആ പതിഞ്ഞ സ്വരം എന്തോ എന്നിൽ രോമാഞ്ചമുണ്ടാക്കി, ഒരു വല്ലാത്ത ആജ്ഞാശക്തി ആ സ്വരത്തിനു. മാത്രമല്ല ഒരു ആട് സംസാരികയുന്നതു ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. അതിനു മുൻപ് വരെ അവറ്റകളുടെ "മേ മേ " എന്ന ശബ്ദം കേൾക്കുമ്പോ എനിയ്ക്കു ചിരിയാണ് വരാറ്. എങ്ങോട്ടെന്ന് പോലും ചോദിക്യാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.
മനസ്സിൽ ഒരായിരം ചോദ്യങ്ങളായിരുന്നു. ആരാണീ ആട്? നാട്ടിലെ ഇനമല്ല. ഇതെങ്ങനെ ഇവിടെയെത്തി? എങ്ങനെ മനുഷ്യരുടെ ഭാഷ സംസാരികയുന്നു? നീണ്ട ഒരു ചോദ്യാവലി മനസ്സിൽ കിടന്നു വീർപ്പു മുട്ടാൻ തുടങ്ങി. എന്റെ പരവേശം കണ്ടിട്ടായിരിക്യാണം പുള്ളി തന്നെ മെല്ലെ സംസാരം തുടങ്ങി.
"പേടിക്യണ്ട, നിങ്ങൾക്ക് തരാനുള്ള കാശ്എ ന്റെ കൈയ്യിലുണ്ട്. എന്നെ അയാളുടെ അരികിൽ എത്തിച്ചാൽ മാത്രം മതി. വളരെ കഷ്ടപ്പെട്ടാണ് തിരഞ്ഞു കണ്ടു പിടിച്ചത് . അയാളെ കണ്ടേ തീരു. കഴിഞ്ഞ രണ്ടു വര്ഷമായെ അയാളെ തേടി നടക്കുകയാണ്. ഒന്ന് കാണണം, എന്നിട്ടു ആ മുഖത്തു നോക്കി ചോദിക്യാനം, എന്തിനു എന്നോടിത് ചെയ്തെന്നു. "
ഏതാണാ ആൾ? എന്തിനാണൊരാട് മനുഷ്യന് തേടി നടക്കുന്നത്? അതും കഴിഞ്ഞ രണ്ടു വർഷമായി. ചോദ്യങ്ങൾ പലതുണ്ടെങ്കിലും ഒന്നും പുറത്തേയ്ക്കു വന്നില്ല. പറഞ്ഞു തന്ന വഴികളിലൂടെ അനുസരണയോടെ ഞാൻ വണ്ടിയോടിച്ചു.
"തന്നെ ആരെങ്കിലും അനുവാദമില്ലാതെ തൊട്ടിട്ടുണ്ടോ?" ഞങ്ങളുടെ ഇടയിൽ താളം കെട്ടിയ നിശബ്ദദ ഭേദിച്ച് പിന്നേം ഒരു ചോദ്യം. എന്ത് പറയണമെന്നറിയാതെ ഞാൻ പരുങ്ങി. "അയാൾ അത് ചെയ്തു. ഇടയൻ ഞങ്ങളുടെ കാവലാളാണ്. ഞങ്ങളെ തീറ്റുന്നതും പോറ്റുന്നതുമെല്ലാം അവനാണ്, പക്ഷെ അതിനു ഇങ്ങനെ ഒരു വില കൊടുക്കേണ്ടി വരുമെന്ന് തോന്നിയില്ല. ഒരു മിണ്ടാപ്രാണിയെന്ന പരിഗണന പോലുമില്ലാതെയാണ്. അയാളുടെ കാമതൃഷ്ണ ഒതുക്കാൻ തിരഞ്ഞെടുത്തത് എന്നെയാണ്, എനിക്കയാളുടെ നാട്ടിലെ ഒരു പറ്റുകാരിയുടെ പേരുമിട്ടു. കിടക്കാനും ഇരിക്യാനും പറ്റാതെ എത്ര നാളുകൾ അയാളുടെ അറയ്ക്കുന്ന ഗന്ധവും ശുക്ലവും പേറി ഞാൻ നടന്നു.... ആ മണലാരണ്യത്തിൽ കിടന്നു അയാൾക്ക് സമനില തെറ്റിയതാണ് എന്നാണ് പറയപ്പെടുന്നത്. മനുഷ്യന് മാത്രം തെറ്റുന്ന സമനില! അനുഭവിച്ചത് ഞാനും, സഹതാപം മുഴുവൻ അയാൾക്കും! ഈയടുത്തിടെ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ ചോദിച്ചെന്നു കേട്ടു, സിനിമയാവാൻ പോകുന്ന അയാളുടെ കഥയിൽ ആ രംഗം ചിത്രീകരിക്കയില്ലേ എന്ന്. ഒരു ആടിന്റെ കൂടെ കിടക്കേണ്ടി വന്നവൻറെ അവസ്ഥ. പരിതാപകരം എന്നാണ്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയ്ക്കു ഇരകളാകുന്നത് ഞങ്ങളെപോലുള്ളവർ. വല്ലാത്ത നീതി തന്നെ അല്ലെ?"
"അയാൾ ഒരു ദിവസം രക്ഷപെട്ടു അവിടെ നിന്ന്. പക്ഷെ ജീവനുള്ളിടത്തോളം കാലം ആ ഓർമ്മകൾ എന്നെ വീർപ്പു മുട്ടിക്കയും. രാത്രിയിൽ ഉറക്കമില്ല, പമ്മി പമ്മി അയാൾ എന്റെ അടുത്തെത്തുമോ എന്ന പേടിയാണ്. അങ്ങനെ ഓർക്കാപുറത്തു കിട്ടിയ ഒരവസരത്തിൽ ഉറക്കമില്ലാത്ത ഒരു രാത്രി തുടങ്ങിയതാണെന്റെ യാത്ര. അന്ന് തൊട്ടു തിരയുകയാണ് ആ മനുഷ്യനെ."
എനിയ്ക്കു തല പെറുക്കാൻ തുടങ്ങി.
"മനുഷ്യര്ക്കു അവർ ചെയ്തു കൂട്ടുന്നതിനെല്ലാം ന്യായങ്ങളുണ്ട്. ജീവജാലങ്ങളിൽ ഏറ്റം ബുദ്ധിയും വിവേകവുമുള്ള വർഗം - എന്ന അഹങ്കാരവും. എന്നാൽ ഈ ഭൂമി നിങ്ങള്ക്ക് മാത്രം സ്വന്തമെന്നാരു പറഞ്ഞു? നിങ്ങളെക്കാൾ ഈ ഭൂമികയു വിനയായൊരു പടപ്പില്ല. ഇരിയ്ക്കുന്ന കൊമ്പു വെട്ടുന്ന വിഡ്ഢികൾ. "
"മിണ്ടാപ്രാണികളെന്നു നിങ്ങൾ പറയുന്ന, ഞങ്ങളെപോലുള്ളവർ മിണ്ടി തുടങ്ങിയാൽ പുറത്തു വരും മനുഷ്യൻ്റെ ക്രൂരതയുടെ ചരിത്രങ്ങൾ. സ്വന്തം വർഗത്തിന് വരെ ഇത്രമേൽ ഭീഷണിയായ വേറൊരു ജീവജാലമുണ്ടോടോ ഈ മണ്ണിൽ? "
"ഈ ഭൂമിയിലുള്ളതെല്ലാം നിങ്ങളുടെ മുതലെടുപ്പിന് വേണ്ടിയുള്ളതെന്ന ചിന്തയാണ് നിങ്ങള്ക്ക്. ഒരു ജീവനെയും നിങ്ങൾ വെറുതെ വിടില്ല. ഇനിയും വയ്യ. ഞങ്ങൾക്ക് മടുത്തു തുടങ്ങി. ഞങ്ങളുടെ ശബ്ദമായി ഇനി ഞാനുണ്ട്. ഞങ്ങളുടെ ചോദ്ക്യങ്ങൾക്കു നിങ്ങൾ ഉത്തരം തന്നെ തീരു. "
കാറ്റിൽ എന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തണുത്തുറയാൻ തുടങ്ങി, എന്ത് പറയണമെന്നറിയാതെ ഞാൻ റോഡിലേക്യു് തറച്ചു നോക്കി വണ്ടി പായിച്ചു.
"ആ വളവു കഴിഞ്ഞു എന്നെ ഇറക്കിക്കോളു. " അവസാനം പുള്ളി പറഞ്ഞു. ഞാൻ തെല്ലാശ്വാസത്തോടെ വണ്ടി ഒതുക്കി, ഡോർ തുറന്നു പിടിച്ചു. എന്നെ ഒന്ന് നോക്കി "നന്ദിയുണ്ട്" എന്ന് പറഞ്ഞു അങ്ങനെ എന്റെ കസ്റ്റമർ നടന്നു നീങ്ങി. സീറ്റിൽ ഒരു തുണി സഞ്ചിയും പിന്നെ കുറച്ചു പൂടയും മാത്രം. നടന്നതെല്ലാം വിശ്വാസിക്യാൻ ഞാൻ അപ്പോഴും പാട് പെടുകയായിരുന്നു. സഞ്ചി കൈയ്യിലെടുത്തു ഞാൻ വിളിച്ചു കൂവി - "സഞ്ചിയെടുത്തില്ല".. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മറുപടി വന്നു. "അത് തനിക്യാ .. എനിയ്ക്കു വേണ്ട ." കസ്റ്റമർ വാക്കു പാലിച്ചിരികയുന്നു, അതിനുള്ളിൽ ചുക്കിച്ചുളിഞ്ഞ ഒരു കേട്ട് അറബി നോട്ടുകൾ. തിരിച്ചു വരവിൽ മാനം ഇരുണ്ടു. ഈ വർഷത്തെ ആദ്യത്തെ വേനൽ മഴ.
.................................
"എന്തൊരുറക്കമാട ഇത് " എന്ന സതീശന്റെ വിളി കേട്ടാണ് എഴുന്നേറ്റത്. ഞെട്ടിത്തിരിഞ്ഞു പിൻസീറ്റിലേക്യു് നോക്കിയപ്പോൾ ഒരു അതിജീവനത്തിന്റെ കഥ പറയുന്ന പ്രശസ്‌തമായ നോവൽ ഇപ്പോഴുമുണ്ട് സീറ്റിൽ.